Monday, December 24, 2012

മാരുതസതീര്‍ത്ഥ്യന്‍

അഴിയിട്ട വാതായനങ്ങള്‍ക്കരുകില്‍
വിദൂരതയില്‍ എന്നാത്മാവു തിരയുമ്പോള്‍
അനുവാദമാരായാതെയൊരു ചെറു ശീതള
മാരുതനെന്‍ കുറുനിര തലോടി കടന്നു  പോയ്


എന്‍ മിഴികള്‍ക്കുള്ളിലാനന്ദബാഷ്പങ്ങള്‍
ഒഴുകി നിറഞ്ഞു തുളുബിക്കളിക്കവേ
ഏകനല്ലെന്നറിയുന്നു ഞാനൊരു
കുളിര്‍കാറ്റിന്നുറ്റ സതീര്‍ത്ഥ്യന്‍

  


എന്നുമവനുണ്ടായിരുന്നെന്നോടോപ്പ -
മെന്തിനുമേതിനും പ്രചോദനധാരയായ്  
എന്‍ മനതാരിന്നന്തര്‍വ്യഥകളെയശ്രു
ബിന്ദുക്കളാക്കവേയവനെയറിഞ്ഞു ഞാന്‍


കണ്ണു നീര്‍ത്തുള്ളികള്‍ കൊണ്ടെന്‍ മിഴികളില്‍
ചന്ദനക്കുളിര്‍ കോരിയണിയിച്ചവന്‍ 
സന്തോഷമെന്നില്‍ പടര്‍ത്തുവാന്‍ ചുറ്റിനും
ആനന്ദ നൃത്തമാടുന്നു സുസ്മിതം


 വേദനളെ ശമിപ്പിച്ചു ധീരമായ്
സാന്ത്വനിപ്പിച്ചു മുന്നില്‍ നടക്കാന്‍
ഇതു  പോലൊരു തോഴനുണ്ടായിരുന്നെങ്കില്‍
എന്ന് മോഹിച്ചു പോകുന്നു വ്യര്‍ത്ഥം








Friday, November 9, 2012

നഷ്ടവസന്തം

വൈദ്യുതിയുണ്ടും ചിലച്ചും കറങ്ങിടാന്‍
വിധിയുള്ള പഴ്യന്ത്രങ്ങള്‍ക്കാമോ
പിറകിലെന്നോ നഷ്ടമായൊരെന്‍
ബാല്യകാലത്തെ വീണ്ടെടുത്തീടാന്‍



ലാഭനഷ്ടത്തിന്‍ ഗ്രാഫുകള്‍ക്കാമോ
തൊടിയിലോടിക്കളിച്ചടിപതറി വീഴുമെന്‍
മുറിവില്‍ കടും പചിലച്ചാറിറ്റിച്ചു
വേദനയാറ്റും മന്ദഹാസമാകാന്‍



സമവാക്യ സങ്കല്പ വ്യൂഹത്തിനാകുമോ
പ്ലാവിലത്തൊപ്പിയും വച്ചുഞാനാ
കളിവണ്ടിയോട്ടി തളരുമ്പോളൊരു
കുടം വെള്ളവും വിശറിയുമേകാന്‍



വിദ്യുത് പ്രവാഹത്തെ കൂട്ടിക്കുറച്ചും
നിറച്ചും കളിക്കുന്ന ചെറുവണ്ടുകള്‍ക്കാമോ
കളിവീടിന്‍ മുറ്റത്തെ പൂച്ചെടിക്കമ്പിലെ
വാടിയ പൂക്കളിന്നമൃതം നുകരാന്‍





യന്ത്രത്തിന്‍ രണ്ടക്ക ഭാഷയ്ക്കാകുമോ
വേര്‍പെട്ടു പോകും മന്‍മനോശാന്തിയും
മന്ദസ്മിതങ്ങളും നിറവിന്റെ നന്‍മയും
എവിടെ മറഞ്ഞുവെന്നോതാന്‍
 ഈ കാലചക്രം തിരിയെ കറക്കാന്‍

Friday, September 7, 2012

ആദ്യസമാഗമം

അന്നു പെയ്ത മഴയില്‍
കുട ചൂടിയകലും  നിന്നെ
പിന്‍വിളി ഞാന്‍ വിളിക്കെ
അജ്ഞാതമാമെന്‍ ശ്രുതി ഭേദത്തിന്നു
കാതു നല്‍കീ നീ കൂട്ടുകാരി
കാരുണ്യ പൂര്വമെന്‍ പാഴ്ശരീരതിന്നു 
തണല്‍ നല്‍കി കൂരിരുള്‍ നീയകറ്റി.



 ആദ്യസമാഗമമായിരുന്നെങ്കിലും
മുജ്ജന്മ സിദ്ധമീ സൌഹൃതമെന്ന പോല്‍
കണ്ണുകള്‍ തമ്മില്‍ കഥ പറഞ്ഞു.
ആത്മവിശ്വാസം പകര്നു നീ നല്‍കിയ
പാണി കളൊന്നു  ഗ്രഹിച്ചു നില്‍കെ
ആകാശഭൂവിലെ മിന്നല്‍ പിണര്‍പ്പുകള്‍
എന്‍ ഹൃത്തടത്തില്‍ പ്രതിഫലിച്ചു.






അന്നു നീ നല്‍കിയ വാക്കില്‍ തളിര്തത്
എന്‍ മനോരാജ്യവും ജീവിതവും.
നിഷാദനാമെന്നേ  നീ ദേവനായ് മാറ്റി
നിന്‍ മാനസത്തില്‍ കുടിയിരുത്തി .
എന്തിനീ ജന്മമെന്നോതിയ നാളുകള്‍
വിസ്മരിച്ചൂ ഞാനന്ന് തൊട്ടേ...
പൂക്കളെ തഴുകുവാന്‍ ശീലിച്ചു ഞാനിന്നു
വീണപൂവിന്‍ വ്യഥയറിയുന്നു.



ഒരു പൂ കൊഴിഞ്ഞ പോല്‍
നിന്നെയെന്നില്‍ നിന്നുമകറ്റി
വിധിയുടെ കാലകിങ്കരന്മാര്‍, 
കാലയവനിക നല്‍കീ നിനക്കായി
നറു നിലാവിന്റെ മൂടുപടം.



ഹൃദ്യമീ പുഷ്പങ്ങള്‍ അര്‍പ്പിപ്പു ഞാന്‍
(നിന്നോളം സൌരഭം അവയ്ക്കില്ലെങ്കിലും )
സഖീ നിന്‍ നിത്യ ശാന്തിക്കായ്‌!!!
ഇന്നെന്റെ സ്വന്തമായ് കുഞ്ഞിളം പൂക്കളും,
നീറും മനസ്സും ,ഒരു തുള്ളി മിഴിനീരും,
നമ്മള്‍ കിനാ കണ്ട സ്വപ്നങ്ങളും.