Friday, September 7, 2012

ആദ്യസമാഗമം

അന്നു പെയ്ത മഴയില്‍
കുട ചൂടിയകലും  നിന്നെ
പിന്‍വിളി ഞാന്‍ വിളിക്കെ
അജ്ഞാതമാമെന്‍ ശ്രുതി ഭേദത്തിന്നു
കാതു നല്‍കീ നീ കൂട്ടുകാരി
കാരുണ്യ പൂര്വമെന്‍ പാഴ്ശരീരതിന്നു 
തണല്‍ നല്‍കി കൂരിരുള്‍ നീയകറ്റി.



 ആദ്യസമാഗമമായിരുന്നെങ്കിലും
മുജ്ജന്മ സിദ്ധമീ സൌഹൃതമെന്ന പോല്‍
കണ്ണുകള്‍ തമ്മില്‍ കഥ പറഞ്ഞു.
ആത്മവിശ്വാസം പകര്നു നീ നല്‍കിയ
പാണി കളൊന്നു  ഗ്രഹിച്ചു നില്‍കെ
ആകാശഭൂവിലെ മിന്നല്‍ പിണര്‍പ്പുകള്‍
എന്‍ ഹൃത്തടത്തില്‍ പ്രതിഫലിച്ചു.






അന്നു നീ നല്‍കിയ വാക്കില്‍ തളിര്തത്
എന്‍ മനോരാജ്യവും ജീവിതവും.
നിഷാദനാമെന്നേ  നീ ദേവനായ് മാറ്റി
നിന്‍ മാനസത്തില്‍ കുടിയിരുത്തി .
എന്തിനീ ജന്മമെന്നോതിയ നാളുകള്‍
വിസ്മരിച്ചൂ ഞാനന്ന് തൊട്ടേ...
പൂക്കളെ തഴുകുവാന്‍ ശീലിച്ചു ഞാനിന്നു
വീണപൂവിന്‍ വ്യഥയറിയുന്നു.



ഒരു പൂ കൊഴിഞ്ഞ പോല്‍
നിന്നെയെന്നില്‍ നിന്നുമകറ്റി
വിധിയുടെ കാലകിങ്കരന്മാര്‍, 
കാലയവനിക നല്‍കീ നിനക്കായി
നറു നിലാവിന്റെ മൂടുപടം.



ഹൃദ്യമീ പുഷ്പങ്ങള്‍ അര്‍പ്പിപ്പു ഞാന്‍
(നിന്നോളം സൌരഭം അവയ്ക്കില്ലെങ്കിലും )
സഖീ നിന്‍ നിത്യ ശാന്തിക്കായ്‌!!!
ഇന്നെന്റെ സ്വന്തമായ് കുഞ്ഞിളം പൂക്കളും,
നീറും മനസ്സും ,ഒരു തുള്ളി മിഴിനീരും,
നമ്മള്‍ കിനാ കണ്ട സ്വപ്നങ്ങളും.