Wednesday, June 25, 2014

കവിത്വം

ആരാണു ഞാനീ മഹത്തുക്കള്‍ നെയ്ത
പട്ടുനൂലിഴകളില്‍ വാഴനാരു തൂന്നീടുവാന്‍
കാവ്യസപര്യതന്‍ തേരിനെയീ വിശ്വ-
വേദിയിലോടിച്ച മഹാരഥികളെ മൂഢമെന്‍
മുടന്തന്‍ കുതിരയുമായ് പിന്തുടര്‍ന്നീടുവാന്‍
കുത്തിക്കുറിക്കുന്ന പദസഞ്ചയത്തിനെ
കവിതയെന്നുല്‍ഘോഷിച്ചു നടക്കുവാന്‍
പിതാമഹര്‍ നേടിയ കാവ്യകലയേയെന്‍
മഷിപ്പേനയാല്‍ കുത്തി മുറിവേല്‍പ്പിക്കുവാന്‍
കേവലം മര്‍ത്യനാം ഞാനാരാ പ്രതിഭാസ-
സങ്കല്‍പ്പങ്ങള്‍ക്കര്‍ത്ഥതലങ്ങള്‍ ചമയ്ക്കുവാന്‍





വിദ്വത് രചിതമാം സാഗരജ്ഞാനത്തെ-
യൊറ്റയ്ക്കെതിര്‍ക്കും നിരൂപകനാകുവാന്‍
പിന്തുടര്‍ന്നീടുവാനേകീയ മാതൃക
കുപ്പയിലെറിഞ്ഞപഹാസ്യനായീടുവാന്‍
ആര്‍ക്കുമേ വേണ്ടാത്താശയയുക്തിയാല്‍
ആസ്വാദകവൃന്ദത്തെയാട്ടിയകറ്റുവാന്‍
നമുക്കും കാലത്തിനും മുമ്പേ നടന്നവര്‍
തൂലികാഖഢ് ഗത്തിനാല്‍ ചരിത്രത്തിലെഴുതിയ
ഗ്രാന്ഥാലോകങ്ങളെ മറന്നു മാനിയാതെ
കാലഘട്ടത്തിനനുരൂപമല്ലാത്ത
ഭീകര സങ്കല്‍പ്പ പ്രഹേളിക തീര്‍ക്കുവാന്‍

Sunday, June 22, 2014

ഒരു മഴക്കാലത്തിന്റെ ഓര്‍മയ്ക്ക്‌

നിഴലോടൊത്തു നിലാവില്‍ നടക്കവെ,
നീ മാത്രമായിരുന്നു മനസ്സില്‍;
നിഴലിന്റെ കഴലുകള്‍ നിശയില്‍ പതറവെ,
ഞാനേകനായി നിനവില്‍ നീയും.


നര വീണു മണ്ണില്‍ മയങ്ങുമിലകളില്‍,
ചിതല്‍ തിന്ന വൃക്ഷ പാദവൃണങ്ങളില്‍,
എങ്ങു നിന്നോ പറന്നെത്തിയ കാറ്റിന്റെ,
മൗനമായ് മാറുന്ന ഗദ്‌ഗദങ്ങളില്‍,
എവിടെ മറന്നു? എവിടെയുപേക്ഷിച്ചു ? 
നമ്മെ നാമാക്കിയ നിസ്വാര്‍ത്ഥ പ്രണയത്തെ!


ലജ്ജയാലന്നു നീ നഖമാഴ്ത്തി നുള്ളിയ 
പൂച്ചെടിക്കമ്പില്‍ പുതു സ്മേരമുണര്‍ന്നുവോ?
 ചിരകരിഞ്ഞ നിഷാദ നിനാദത്തില്‍
 കിളിയുടെ വിരഹഗാനം മറന്നുവോ?
മഴ മറന്നന്നു നാം നടന്ന വഴികളില്‍ 
പാദമാഴ്ന്ന പാടുകള്‍ മാഞ്ഞുവോ?




 ഇടിമിന്നല്‍ നാദത്തെ നീയെന്റെ നെഞ്ചില്‍,
മുഖമാഴ്ത്തി വിറപൂണ്ട് നിന്നു ശ്രവിച്ചു;
എന്റെ നിശ്വാസ താപത്തിലന്നു നിന്‍,
സിന്ധൂരരേഖ ചുവന്നിരുന്നോ?
 മഴ തോര്‍ന്നു മരം പെയ്ത സന്ധ്യയില്‍,
ഒരു വരിക്കവിത ഞാന്‍ ചൊല്ലീടവെ;
 ഏതോ വിദൂര സ്വപ്നലോകങ്ങളില്‍,
 മിഴിനട്ടു നീ പറഞ്ഞതല്ലേ.


"സര്‍വ്വസ്വതന്ത്രരീ മഴത്തുള്ളികള്‍
ബന്ധങ്ങളില്ല ബന്ധനങ്ങളില്ല 
എത്ര സുകൃതികള്‍ ഇവര്‍, നമുക്കുമീ 
സ്വാതന്ത്ര്യ ലോകം ലഭിക്കുമെങ്കില്‍ 
കൈ കോര്‍ത്തു നാമുയര്‍ന്നു പോകും 
മേഘങ്ങളില്‍ ഗഗനചാരികള്‍ക്കൊപ്പം 
പാറിപ്പറന്നു നാമീ ലോക ഗോളത്തെ
 കാല്‍ച്ചോട്ടിലെ പൂഴിയാക്കി മാറ്റും"


പുഞ്ചിരിച്ചൂ ഞാനന്നു, നീയതു
പരിഹാസമെന്നു പരിഭവിച്ചു,
കണ്ണില്‍ നിന്നൂര്‍ന്ന മണിമുത്തുകള്‍,
കവിളിലൊഴുകി കൈവഴികള്‍ തീര്‍ത്തു.
ആശ്വാസവാക്കുകള്‍ ഏറെപ്പറഞ്ഞു ഞാന്‍,
നീയന്നു പുഞ്ചിരിച്ചീടുവാനായ്,
ഒരു പനീര്‍ പൂവിലലിഞ്ഞു പോയി,
അന്ന് നീയാര്‍ന്ന വിദ്വേഷമെല്ലാം.
മഴമേഘ രാഗങ്ങളൊഴിഞ്ഞ ത്രിസന്ധ്യയില്‍,
നീയെന്റെ വീണാ നാദമായി,
പിന്നെയും നമ്മള്‍ നടന്നു കാതങ്ങള്‍,
കാലങ്ങള്‍, മഴമുത്തുകള്‍ ചിതറിയ വഴിയിലൂടെ.