Saturday, September 12, 2015

ഒരു ജലപാതത്തിന്റെ കഥ

സപ്തവർണ്ണക്കൈകൾ നീട്ടി വാനെത്തുവാൻ
ശ്രമിക്കവെ, നിൻ പതനം ഭയാനകം!
അരുവിയിലലകളജ്ഞാതമാലകൾ
തീർത്തു തല തല്ലിത്തിമിർത്തു വീഴുമ്പോൾ;
ഭൗമോപരിതലത്തിലൊരു നവ ക്ഷീരപഥ-
മായ് മാറുന്നു നീ മനോജ്ഞ മനോഹരീ.
വാനിന്റെ നീലവിരി മായ്ച്ചു വിലോലമാം
മഞ്ഞിന്റെ വെള്ളപ്പുടവയണിയിച്ചു നീ,
കുളിരു പകർന്നേകി മാറിൽ പടരവെ
കുളിരലകളാലെന്റെയുള്ളം നിറയുന്നു.


വർഷമല്ലെന്നറിയുന്നീ ജലബിന്ദുസ്പർശം
നിൻ കരഘോഷഹർഷമല്ലോ
ഗിരി ശിഖരിയിൽ നിന്നാകുല ഹൃദയത്തെ
താഴേയ്ക്കെറിഞ്ഞ നിൻ കാമുകനാരോ?
കണ്ണീരൊലിപ്പിച്ചു ക്ഷുഭിതയായ് നീയിന്നു
ദൂരേയ്ക്കു പോകുന്നതെങ്ങോ?
വിരഹ കോപാഗ്നിയാം നിന്റെ പ്രഹരത്തിലീ
വൻ ശിലാപാളികൾ തൃണസമാനർ
യുഗാന്തരങ്ങൾ വരെ ദാഹശമനിയായ്
മണ്ണിന്റെ  നാഡിയായ് ഒഴുകുക നീ.