Monday, December 24, 2012

മാരുതസതീര്‍ത്ഥ്യന്‍

അഴിയിട്ട വാതായനങ്ങള്‍ക്കരുകില്‍
വിദൂരതയില്‍ എന്നാത്മാവു തിരയുമ്പോള്‍
അനുവാദമാരായാതെയൊരു ചെറു ശീതള
മാരുതനെന്‍ കുറുനിര തലോടി കടന്നു  പോയ്


എന്‍ മിഴികള്‍ക്കുള്ളിലാനന്ദബാഷ്പങ്ങള്‍
ഒഴുകി നിറഞ്ഞു തുളുബിക്കളിക്കവേ
ഏകനല്ലെന്നറിയുന്നു ഞാനൊരു
കുളിര്‍കാറ്റിന്നുറ്റ സതീര്‍ത്ഥ്യന്‍

  


എന്നുമവനുണ്ടായിരുന്നെന്നോടോപ്പ -
മെന്തിനുമേതിനും പ്രചോദനധാരയായ്  
എന്‍ മനതാരിന്നന്തര്‍വ്യഥകളെയശ്രു
ബിന്ദുക്കളാക്കവേയവനെയറിഞ്ഞു ഞാന്‍


കണ്ണു നീര്‍ത്തുള്ളികള്‍ കൊണ്ടെന്‍ മിഴികളില്‍
ചന്ദനക്കുളിര്‍ കോരിയണിയിച്ചവന്‍ 
സന്തോഷമെന്നില്‍ പടര്‍ത്തുവാന്‍ ചുറ്റിനും
ആനന്ദ നൃത്തമാടുന്നു സുസ്മിതം


 വേദനളെ ശമിപ്പിച്ചു ധീരമായ്
സാന്ത്വനിപ്പിച്ചു മുന്നില്‍ നടക്കാന്‍
ഇതു  പോലൊരു തോഴനുണ്ടായിരുന്നെങ്കില്‍
എന്ന് മോഹിച്ചു പോകുന്നു വ്യര്‍ത്ഥം