Friday, February 1, 2013

പഠനമുറിയിലെ നിത്യസംഭവങ്ങള്‍

ബോധം പടിവാതില്‍ കടന്നു ദൂരെയൊരു
ചെറു ബിന്ദുവായിത്തീര്‍ന്നീടവേ
മന്ദമാരുതനൊരു മന്ദാരപുഷ്പത്തിന്റെ
മന്ദഹാസത്തെയെന്നിലെത്തിക്കവെ
കരിയിലക്കൂനയിലെ നാഗസഞ്ചാരങ്ങള്‍
നേര്‍ത്ത ശ്രുതിതരംഗമുയര്‍ത്തുമ്പോള്‍
ചീവീടിന്റെയപശബ്ദമൊരു
താരാട്ടുപാട്ടായി മാറുന്നു
ഘടികാരത്തിന്റെ ഹൃദയതാളമെന്നില്‍
രണഭേരീനാദമാകുന്നു  


അതിക്ഷീണിതനായി തളര്‍ന്നൊട്ടു
വീഴുമെന്‍ ശിരോമണ്ഡലത്തില്‍
മനോരാജ്യ പ്രസ്ഥാനങ്ങളില്‍
ഉപബോധ മനഃപേടകത്തില്‍
നീലാവേശിതസലിലം പോലെ
അന്ധകാരം ഗ്രസിക്കുന്നു
മിഴിവാതിലുകളടയുന്നു നിര്‍ദ്ദയം
നിദ്രാദേവി പുണരുന്നതിഗാഢം


 
















നവസ്വപ്നലോകവര്‍ണരാജികള്‍
മനസിനുള്ളില്‍ നിറയുന്നു
സന്ധി ബന്ധങ്ങളിലുറയും വേദന
ദേഹമാകെ പടരുന്നു ,ദേഹിയും
ശക്തി ക്ഷയിച്ചു നിശബ്ദമൊരാലസ്യ
ശയന സാക്ഷാല്‍ക്കാരത്തിലലിയുന്നു
പിന്‍വിളി കേള്‍ക്കാന്‍ കഴിയാതെ
ബോധമജ്ഞതയുടെയാഴങ്ങലറിയവേ
നിമിഷാര്‍ധങ്ങളെ ചരിത്രമാക്കി
യാമങ്ങള്‍ കുതിച്ചുപാഞ്ഞിടുമ്പോള്‍
വിളിപ്പാടകലെയൊരു വിജ്ഞാനദീപം
കാറ്റിലലിഞ്ഞമരുന്നു  

No comments:

Post a Comment