Sunday, February 3, 2013

ക്രാന്തദര്‍ശി

വായനശാലയില്‍ പൊടിയേറി  മരവിച്ചു
മരിച്ച പുസ്തകങ്ങള്‍ പരതിടുമ്പോള്‍
പോതിയേറെ ചിതല്‍തിന്നു തീരെപഴകിയ
പുസ്തകമൊന്നില്‍ കരം തങ്ങിനിന്നു

കവര്‍പേജിന്‍ മധ്യത്തു സുവര്‍ണാക്ഷരങ്ങളാല്‍
എഴുതിയ " കവിതകള്‍ " എന്ന വാക്ക്
ഏറെ പഴകി പൊടിയടിച്ചെങ്കിലും
ചിതലുകളുപേക്ഷിച്ചതെന്തു കൊണ്ടോ

പൊടിതട്ടിയുള്ളിലെ പേജുകള്‍ക്കുള്ളില്‍
കവിയുടെ ഹൃദയം തേടി നോക്കി
ഇപ്പൊഴുമാര്‍ദ്രം മിടിക്കും ഹൃദയത്തി-
നുള്ളില്‍ മുഴങ്ങുന്നു ഗദ്ഗദങ്ങള്‍

പ്രണയിനിക്കായി ഹൃദയരക്ത്തത്തിനാല്‍
കവി തീര്‍ത്ത മഹാസൗധസൗന്ദര്യവും
രാഷ്ട്രീയവേഷം കെട്ടിയാടും
കീചകരോടുള്ള പ്രക്ഷോഭവും

മരിക്കുന്ന ഭൂമിയ്ക്കായുള്ള പ്രാര്‍ഥന
മര്ത്യനോടുള്ള പ്രതിഷേധവും
സങ്കീര്‍ണമാകും മാനസതാരിലെ-
യതിസങ്കീര്‍ണമാം വ്യവഹാരങ്ങളും



  











അനാഥബാല്യങ്ങളേകുന്ന മൗനവും
വാര്‍ധക്യമേകുമാനാധത്വവും
നല്ല നാളേയ്ക്കായുള്ള സന്ദേശവും
ധീരമാം വിപ്ലവ ചിന്തകളും 

കാലമേറെ കടന്നു പോയെങ്കിലും
നാളേയ്ക്കായെഴുതിയതെന്നു  തോന്നും
ചോദ്യശരങ്ങളാല്‍ നിറയുന്ന കവിതയില്‍
കവിയുടെ മനോഹര സങ്കല്പങ്ങള്‍

കാല്‍പ്പാടുകള്‍ പിന്നില്‍ വെടിഞ്ഞു
യശശ്ശരീരനാം കവി പുഞ്ചിരിച്ചു
കവിയെ വായിക്കവേ നിമിഷാര്‍ധനേരം ഞാന്‍
സ്വര്‍ഗം ഭൂമിയിലെന്നു നിനച്ചുപോയ്‌

എന്റെ പേനയ്ക്കും മനസ്സിലെ മണ്ണിനും
വളര്‍ത്തിയെടുക്കാന്‍ കഴിയാതെ പോം
വിഷയ വൈവിധ്യ പൂര്‍ണത കണ്ടു
മനസ്സാ നമിക്കുന്നു മഹാകവിയെ


No comments:

Post a Comment