Saturday, May 23, 2015

ഭൂമീദേവി

ചാന്ദ്ര പ്രകാശമേ മറയുന്നുവോ നീ?
ഏകയാമെന്നെയീയന്ധകാരത്തിലുപേക്ഷിച്ചു,
ഒരു വാക്കു പറയാതെ നിർദ്ദയം പോകയാണോ?
പരിഭവങ്ങളിൽ മുഖം കറുപ്പിച്ചും ,
ഇണക്കങ്ങളിൽ പാൽപുഞ്ചിരി തൂകിയും,
എത്രയുഗങ്ങൾ കഥ പറഞ്ഞിരുന്നൂ നാം.
പ്രപഞ്ച മാന്ത്രിക പേടക രഹസ്യങ്ങൾ,
അന്നു തമ്മിൽ തുറന്നൂ നാം.
എത്ര സംസ്കാരോദയാസ്തമയങ്ങൾ;
എത്ര ഗോത്രങ്ങൾ എത്ര വർഗങ്ങൾ;
എത്ര ഭയാനക യുദ്ധക്കളങ്ങൾ;
ഒന്നിച്ചിരുന്നു കണ്ടൂ നാം.



നിശബ്ദമീയന്ധകാരത്തിൽ സാകൂതമൊരു,
തിരിനാളം കാത്തിരിപ്പൂ ഞാൻ.
നല്ലൊരു നാളയെ ചിന്തിക്കുമ്പോൾ,
എന്റെ മനസ്സു മദിയ്ക്കുന്നു.
നിന്നെ വെല്ലും ശോഭയും ശ്രീയുമായ്,
എനിക്കൊരു തേജോമയനുദിക്കും.
ആ പൊൻകിരണ രാജിയെന്നിൽ
സപ്തവർണ പൊലിമ തീർക്കും.
പുതിയ പ്രകാശം... നവോന്മേഷം...
അവനെന്റെ പ്രിയ നായ് മാറും.
പുഞ്ചിരി കൊണ്ടു തുടുത്ത മുഖത്തിനു
മാലേയക്കുറിയണിയിക്കും.
നവ മന്ദഹാസമാല്യം ചാർത്തും
ഞാൻ സനാഥയായ് മാറും.


No comments:

Post a Comment